കര്‍ത്താവേ കൃപ ചെയ്യണമേ

സുറിയാനി ക്രിസ്ത്യാനികള്‍ ദിവസവും ഉറങ്ങുന്നതിന് മുമ്പായി ആലപിക്കുന്ന ഒരു ധ്യാനകീര്‍ത്തനമാണ്  ഞാനിവിടെ ലളിതമായ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുന്നത്. മനസിലാക്കാന്‍ പ്രയാസമുള്ള പല വാക്കുകളും പ്രയോഗങ്ങളും ഇതില്‍ ഒഴിവാക്കിയിരിക്കുന്നു.  ഇപ്പോള്‍ ചൊല്ലുന്ന  ഗാനത്തിന്റെ  സ്ഥാനത്ത്  ഈ ഗാനം ചൊല്ലണം എന്നു ഉദ്ദേശിച്ചല്ല ഇത് എഴുതിയത്. ഇതുപോലെ നമ്മുടെ ഗാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സാധിയ്ക്കും എന്നു കാണിക്കുക മാത്രമാണു എന്റെ ഉദ്ദേശം. ഇതിനേക്കാള്‍ ലളിതസുന്ദരമായ മലയാളത്തില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഇത് ഒരു പ്രചോദനമാകണം എന്നു ആഗ്രഹിക്കുന്നു.

1. കര്‍ത്താവേ കൃപ ചെയ്യണമേ
അടിയാരുടെ പ്രാര്‍ഥന കേട്ട്
നിന്നുടെ ഭണ്ഡാഗാരത്തില്‍
നിന്നും നന്മകള്‍ ചൊരിയണമേ

2. നിദ്ര വെടിഞ്ഞങ്ങുണര്‍വോടെ
നിന്‍ സവിധേയെത്തീടാനും
തിന്മയശേഷം തീണ്ടാതെ
വീണ്ടുമുറങ്ങാനും കൃപ ചെയ്

3. ഉണര്‍വില്‍ പാപം ചെയ്തീടില്‍
ക്ഷമയരുളീടേണം നാഥാ
നിദ്രയില്‍ പാപം ചെയ്തീടില്‍
മോചനമരുളേണം നാഥാ

4. നിന്‍ വിജയ സ്ലീബായാലേ
നല്ലയുറക്കം തന്നാലും
മനസിനെ മായക്കാഴ്ചകളില്‍
നിന്നും നന്നായ് കാത്താലും

5. നിദ്ര പൂകീടും നേരത്ത്
പൈശാചികമാം ചിന്തകളും
ദുഷ്ടവികാരങ്ങളുമെന്‍റെ
മനസില്‍ ഭരണം ചെയ്യരുതേ

6. എന്‍ ദേഹം നന്നായ് കാപ്പാന്‍
നിന്നുടെ ദൂതനെ വിട്ടാലും
ദുര്‍മോഹങ്ങളില്‍ വീഴാതെ
എന്‍ മനസിനെയും കാക്കണമേ

7. എന്നില്‍ വസിക്കും നിന്‍ മെയ്യും
പാനം  ചെയ്ത രുധിരമതും
കാത്തീടേണം ഈ രാവില്‍
എന്നുടെ ദേഹീദേഹത്തെ

8. നിന്നുടെ ഈ പ്രതിബിംബത്തി-
ന്നേകണമേ നിന്‍ സ്വാതന്ത്ര്യം
നിന്നുടെ കരവിരുതാമെന്നെ
നിന്റെ കരങ്ങള്‍ കാക്കണമേ

9. ബലവത്താമൊരു കോട്ടസമം
എന്നെ ചുറ്റുക നിന്‍ കരുണ
സുരഭിലധൂപസമം സ്വീക-
രിച്ചാലുമെന്‍ ശയനത്തെ

10. നിന്‍ മാതാവിന്‍ പ്രാര്‍ഥനയാല്‍
ദുഷ്ടന്‍ ശയ്യയോടടുക്കരുതേ
നിന്നുടെയാത്മബലിയാലേ
സാത്താനെ നീ തടുക്കണമേ

11. നിന്നുടെ വാഗ്ദാനം പോലെ
കുരിശാല്‍ എന്നെ കാത്തിടുക
എന്നെ കാക്കുക നിന്‍ അന്‍പാല്‍
ഉണര്‍വില്‍ നിന്‍ സ്തുതി പാടിടുവാന്‍

12. തിരുഹിതമെന്തെന്നറിവാനും
അത് ജീവിതേ പാലിപ്പാനും
ശാന്തി നിറഞ്ഞൊരു സന്ധ്യയതും
രാവും ഞങ്ങള്‍ക്കേകണമേ

13. ഈ രാവിങ്കല്‍ ശാന്തിയോടെ
നിദ്രയെ പുല്‍കാനും വീണ്ടും
തിരുഹിതമെങ്കില്‍ പുലര്‍കാലേ
നിന്‍ സ്തുതി പാടാനും കൃപ ചെയ്

14. ജ്യോതിസിന്നുറവാകും നീ
ജ്യോതിസില്‍ വാസം ചെയ്വൂ
ജ്യോതിസിന്‍ മക്കള്‍ നിന്നെ
നിത്യം ആരാധിക്കുന്നു

15. ജ്യോതിസില്‍ വാസം ചെയ്യും
രക്ഷകനാമീശോ സ്തോത്രം
ഇഹപരലോകങ്ങളില്‍ നിന്റെ
കൃപ ഞങ്ങള്‍ക്കുണ്ടാകണമെ

16. സ്വര്‍ഗോന്നതികളിലീറേന്മാര്‍
അനവരതം സ്തുതി പാടുംപോല്‍
പാപികളാം മാനവര്‍ ഞങ്ങള്‍
നിന്‍ സ്തുതിഗീതം പാടുന്നു

17. പിതൃസുതപരിശുദ്ധാത്മാവം
ത്രിയേകന്‍ ദേവാ സ്തോത്രം
സ്തോത്രം സ്തോത്രം കര്‍ത്താവേ
ആയിരമായിരമായ് സ്തോത്രം

18. പ്രാര്‍ഥന കേട്ടീടും നാഥാ
യാചന നല്‍കീടും നാഥാ
അടിയാരുടെ പ്രാര്‍ഥന കേട്ടു
യാചനകള്‍ നല്‍കീടണമേ

Comments

Unknown said…
This is good. I just wish if someone took an initiative to translate some of our 'hard to understand' worship songs used in Quarbana and special occations to simple malayalam
Jaise said…
Good try... I like it..

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും